മുഹമ്മത് നബി - മാനുഷ്യകത്തിന്റെ മഹാചര്യൻ


ഇസ്‌ലാം മത വിശ്വാസത്തിലെ അവസാന പ്രവാചകനാണ് മുഹമ്മദ് നബി(സ). അദ്ദേഹത്തിലൂടെയാണ് ദൈവസമര്‍പ്പണത്തിന്റെ മതം പൂര്‍ത്തീകരിക്കപ്പെട്ടത്. ഏ. ഡി ഏഴാം നൂറ്റാണ്ടിൽ അറേബ്യയിൽ ഒരു ഏകീകൃത ഭരണ കൂടം സ്ഥാപിച്ച നേതാവാണ് അദ്ദേഹം. മതനേതാവ് എന്നതു പോലെ രാഷ്ട്രത്തിന്റെയും സൈന്യത്തിന്റെയും നേതാവും ന്യായാധിപനും അദ്ദേഹം തന്നെയായിരുന്നു.

നോഹയുടെയും അബ്രഹാമിന്റെയും മോശയുടെയും യേശുവിന്റെയും മാത്രമല്ല നമുക്ക് പേരറിയാവുന്നതും അല്ലാത്തതുമായ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരുടെയെല്ലാം പിന്‍ഗാമിയാണ് മുഹമ്മദ്(സ). പുതിയൊരു മതം സ്ഥാപിക്കുകയല്ല, മറിച്ച് പൂര്‍വ പ്രവാചകന്മാരെല്ലാം പഠിപ്പിച്ച മതം പൂര്‍ത്തീകരിക്കുകയാണ് അദ്ദേഹം ചെയ്തത്.

പ്രചാരണ പ്രവർത്തനങ്ങളിലൂടെ ഇസ്‌ലാമിക വിശ്വാസത്തെ മക്കയിലും അറേബ്യൻ ഉപദ്വീപിലാകെയും പ്രചരിപ്പിച്ചതിനു നേതൃത്വം കൊടുത്തത് അദ്ദേഹമായിരുന്നു.

ആയിരത്തി നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മക്കയില്‍ ജനിച്ചു. ജനിക്കുന്നതിന് മുമ്പ് പിതാവും ആറാം വയസ്സില്‍ മാതാവും മരിച്ചതോടെ മുഹമ്മദ് തികച്ചും അനാഥനായി. ദൈവ നിശ്ചയ പ്രകാരം പിതൃവ്യന്റെ കരങ്ങളില്‍ സുരക്ഷിതനായി വളര്‍ന്നു ആ പ്രവാചകൻ!

മുഹമ്മദിന് പ്രവാചകത്വം ലഭിക്കുന്ന കാലത്ത് മക്കയിൽ കൊള്ള, കൊല, കവർച്ച, മദ്യപാനം എന്നിവ സർവ്വവ്യാപിയായിരുന്നു. അശ്ലീലവും നിർലജ്ജവുമായ ചെയ്തികൾ പരക്കെ നടമാടിയിരുന്നു. പെൺ‌കുഞ്ഞുങ്ങൾ ജനിച്ചയുടൻ ജീവനോടെ കുഴിച്ചുമൂടപ്പെട്ടു.

സാംസ്‌കാരിക ദൂഷ്യങ്ങള്‍ കാരണം ‘കാട്ടറബികള്‍’ എന്നാണ് ചരിത്രകാരന്‍മാര്‍ അവിടത്തെ നിവാസികളെ വിശേഷിപ്പിച്ചത്. പക്ഷേ മുഹമ്മദ് അവര്‍ക്കിടയില്‍ വേറിട്ട വ്യക്തിത്വമായിരുന്നു. ‘അല്‍ അമീന്‍’ (വിശ്വസ്ഥന്‍) എന്ന പേരിലാണ് മക്കക്കാര്‍ മുഹമ്മദിനെ വിളിച്ചിരുന്നത്.

ദുർവൃത്തികളിൽ നിന്നെല്ലാം അകന്ന് തന്റെ സമയം നല്ലകാര്യങ്ങൾക്കു വേണ്ടി മാത്രം മുഹമ്മദ് വിനിയോഗിച്ചു. വിഗ്രഹാരാധനയോട് അകന്നു നിന്നു. തന്റെ ജനതയില്‍ നിലനിന്നിരുന്ന അധര്‍മങ്ങള്‍ കണ്ട് സഹികെട്ട മുഹമ്മദ് പലപ്പോഴും ഹിറാ ഗുഹയില്‍ തനിച്ചിരിക്കാറുണ്ടായിരുന്നു. ധ്യാനവും ആരാധനകളുമായി ദിവസങ്ങളോളം അവിടെത്തന്നെ കഴിഞ്ഞുകൂടുമായിരുന്നു.

അവിടെ വെച്ചാണ് ജിബ്‌രീൽ മാലാഖ മുഖേന അദ്ദേഹത്തിന് ആദ്യത്തെ ദൈവിക വെളിപാട് ഉണ്ടായത്. അതിങ്ങനെയായിരുന്നു: “വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍. ഒട്ടിപിടിക്കുന്നതില്‍ നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. വായിക്കുക! നിന്റെ നാഥന്‍ അത്യുദാരനാണ്. പേന കൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യനെ അവനറിയാത്തത് അവന്‍ പഠിപ്പിച്ചു” (ഖുർആൻ 96:1-5)

അതോടെയാണ് മുഹമ്മദ് എന്ന മനുഷ്യന്‍ മുഹമ്മദ് നബിയാവുന്നത്. ഈ സമയത്ത് അദ്ദേഹത്തിന് 40 വയസ്സായിരുന്നു (എ. ഡി 610).

അറേബ്യക്കാർക്ക് വിശ്വാസത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. 360 വിഗ്രഹങ്ങള്‍ കഅ്ബാലയത്തിലുണ്ടായിരുന്നു. അവയെ ചുറ്റിപ്പറ്റി ആരാധനകളും അനുഷ്ഠാനങ്ങളും ആഘോഷങ്ങളുമുണ്ടായിരുന്നു. അതോടൊപ്പം എല്ലാ തിന്മകളെയും അവര്‍ കൊണ്ടാടി. ഉദാ: നഗ്നരായി കഅ്ബയെ ചുറ്റുന്നതും മദ്യം കൊണ്ടുള്ള പൂജയുമെല്ലാം അവരുടെ വിശ്വാസത്തിന്റെ ഭാഗമായിരുന്നു.

ദൈവകല്‍പന പ്രകാരം മനുഷ്യനെ ശരിയിലേക്ക് നയിക്കുന്ന വിശ്വാസ പ്രഖ്യാപനം പ്രവാചകന്‍ തന്റെ ജനതയില്‍ നടത്തിയതോടെ അതുവരെ ‘അല്‍-അമീന്‍’ ആയിരുന്ന പ്രവാചകന്‍ അവര്‍ക്ക് വെറുക്കപ്പെട്ടവനായി. പ്രവാചകന്‍ കല്ലെറിയപ്പെട്ടു. ദൈവ കല്‍പനകള്‍ ഏറ്റുവാങ്ങിക്കൊണ്ട് പ്രവാചകന്‍ തന്റെ ദൗത്യം തുടര്‍ന്നു. ഈ സത്യം അംഗീകരിച്ച ഏതാനും അനുയായികളും പ്രവാചകനും പതിമൂന്ന് വര്‍ഷക്കാലം മക്കയില്‍ പീഢിപ്പിക്കപ്പെട്ടു.

പ്രവാചകന്‍ അവരോട് പറഞ്ഞതിന്റെ ചുരുക്കം: 

സൃഷ്ടികളെ ദൈവമാക്കാതെ സൃഷ്ടിച്ച ദൈവത്തെ മാത്രം വണങ്ങുക. സ്രഷ്ടാവിന്റെ കല്‍പനകള്‍ക്ക് മാത്രം വഴങ്ങുക. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മനസ്ഥിതിയില്‍ നിന്ന് വ്യാജദൈവങ്ങളെ മാറ്റി യഥാര്‍ഥ ദൈവത്തെ സ്ഥാപിക്കുക. വ്യവസ്ഥിതിയില്‍ നിന്ന് ദൈവേതര നിയമങ്ങളെ മാറ്റി ദൈവിക നിയമങ്ങള്‍ സ്ഥാപിക്കുക. ആദ്യത്തേത് വ്യക്തിയുടെ പരലോകരക്ഷയുമായി ബന്ധപ്പെട്ടതും രണ്ടാമത്തേത് സമൂഹത്തിന്റെ ഇഹലോകരക്ഷയുമായി ബന്ധപ്പെട്ടതുമാണ്.

*പിന്‍കുറി:*

ഹിറാഗുഹയില്‍ നിന്ന് ദിവ്യവെളിപാടുകള്‍ ഏറ്റുവാങ്ങി ജനമധ്യത്തിലേക്ക് ഇറങ്ങിപ്പോന്ന പ്രവാചകന്‍ പിന്നീടൊരിക്കലും അങ്ങോട്ടു പോയിട്ടില്ല. കാരണം, തോന്ന്യാസത്തില്‍ ജീവിക്കുന്ന ജനങ്ങളെ സന്യാസം കൊണ്ട് നേരിടാനാവില്ല. സന്യാസത്തിനും തോന്ന്യാസത്തിനും മധ്യേ പച്ചയായ ജീവിതത്തെ സംസ്‌കരിക്കാനുള്ളതത്രെ പ്രവാചകാധ്യാപനങ്ങള്‍.

🎥ഈ വീഡിയോ കാണുക👇(⏱6:25mins):


https://fb.watch/9NTb0CEFSd/ 


Comments

Popular posts from this blog

വിശുദ്ധ ഖുർആനിലെ ഉറുമ്പുകളുടെ താഴ്വര

പാപങ്ങൾ പെരുകുന്നതിന്റെ മൂലകാരണം ‘ശിർഖ്’! ( ദൈവത്തിന്നു പങ്ക് ചേർക്കൽ)