അടിമത്തത്തിന്റെ അടയാളമാണോ ഹിജാബ്?

അടിമത്തത്തിന്റെ അടയാളമാണോ ഹിജാബ്?  ⌨⌨⌨⌨⌨⌨⌨⌨

ഇസ്‌ലാമിക വസ്ത്രധാരണം അടിമത്തത്തിന്റെ അടയാളമല്ല. പ്രത്യുത ആഭിജാത്യത്തിന്റെ ചിഹ്‌നമാണ് എന്ന് അല്‍പം ചിന്തിച്ചാല്‍ ബോധ്യമാകും. മുഖവും മുന്‍കൈയും ഒഴികെയുള്ള ശരീരഭാഗങ്ങളെല്ലാം മറക്കണമെന്ന് ഇസ്‌ലാം സ്ത്രീയോട് കല്‍പിക്കുന്നുവെന്നത് ശരിയാണ്. എന്തിനാണ് ഈ കല്‍പന? സ്ത്രീകളെ അടിമത്തത്തിന്റെ കാരാഗൃഹത്തിലടക്കുകയോ സുരക്ഷിതത്വത്തിന്റെ താഴ്‌വരയില്‍ വിഹരിക്കാനനുവദിക്കുകയോ എന്താണ് ഈ കല്‍പന ചെയ്യുന്നത്?


ഇസ്‌ലാമിക വസ്ത്രധാരണം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഖുര്‍ആന്‍ സൂക്തങ്ങള്‍ ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കുന്നുണ്ട്. “സത്യവിശ്വാസിനികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും അവരുടെ സൗന്ദര്യത്തിൽ നിന്ന് സ്വയം പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. തങ്ങളുടെ ശിരോവസ്ത്രം മാറിടത്തിനുമീതെ അവര്‍ താഴ്ത്തിയിടട്ടെ” (24:31)


“നബിയേ, താങ്കളുടെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടുവാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (33:59)


സമൂഹത്തിന്റെ വ്യത്യസ്ത തുറകളില്‍ ജീവിക്കുന്നവര്‍ തിരിച്ചറിയപ്പെടുന്നതിനുവേണ്ടി വ്യത്യസ്ത വസ്ത്രധാരണരീതികള്‍ സ്വീകരിക്കാറുണ്ട്. സ്ത്രീകെള സംബന്ധിച്ചിടത്തോളം അവരുടെ വസ്ത്രധാരണരീതിയില്‍നിന്നുതന്നെ ഒരളവോളം അവരുടെ ജീവിതരീതിയെയും പെരുമാറ്റ രീതിയെയും നമുക്ക് അളക്കുവാന്‍ സാധിക്കും.


ആവശ്യക്കാര്‍ക്ക് തിരിച്ചറിയുവാന്‍ സാധിക്കുന്ന രീതിയിലുള്ള വസ്ത്രധാരണരീതിയാണ് വേശ്യകള്‍ സ്വീകരിക്കുക. ക്ഷേത്രങ്ങളോട് ബന്ധപ്പെട്ട് ജീവിച്ചിരുന്ന ദേവദാസികള്‍ക്ക് അവരുടേതായ വസ്ത്രധാരണ രീതിയുണ്ടായിരുന്നു.


ഇസ്‌ലാം വിഭാവനം ചെയ്യുന്ന സ്ത്രീ, മാന്യയും കുലീനയുമാണ്; ചാരിത്രവതിയും സദ്‌വൃത്തയുമാണ്. അവളുടെയടുത്തേക്ക് ലൈംഗികദാഹം പൂണ്ട ചെന്നായ്ക്കള്‍ ഓടിയടുക്കേണ്ടതില്ല. കാമാഭ്യര്‍ഥനയുമായി അവളെ ആരും സമീപിക്കേണ്ടതില്ല. ഇത് അവളുടെ വസ്ത്രത്തില്‍നിന്നുതന്നെ തിരിച്ചറിയണം.


എക്കാലത്തും ശല്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് സ്ത്രീകള്‍. അവരുടെ മാംസത്തിനുവേണ്ടി-ചാരിത്ര്യത്തിനുവേണ്ടി-കടിപിടി കൂടുന്നവരാണ് എന്നത്തെയും സാഹിത്യ-സാംസ്‌കാരിക രംഗത്തെ നായകന്മാര്‍. അതുകൊണ്ടുതന്നെ, പെണ്ണിനു നേരെയുള്ള കൈയേറ്റങ്ങളും കൂടി ക്കൊണ്ടിരിക്കുന്നു.


മാന്യമായാണ് സ്ത്രീ വസ്ത്രം ധരിക്കേണ്ടതെന്ന് കാര്യബോധമുള്ളവരെല്ലാം സമ്മതിക്കും. സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾക്കുള്ള കാരണങ്ങളിലൊന്ന് പുരുഷനെ ത്രസിപ്പിക്കുന്ന അവളുടെ വസ്ത്രധാരണയാണെന്നും അവർ പറയും.


ഇസ്‌ലാം സ്ത്രീയോട് മാന്യമായി വസ്ത്രം ധരിക്കാന്‍ പറയുക മാത്രമല്ല, എങ്ങനെയാണ് ആ വസ്ത്രധാരണരീതിയെന്ന് പഠിപ്പിക്കുക കൂടി ചെയ്തുവെന്നുള്ളതാണ് അതിന്റെ ഏറ്റവും വലിയ സവിശേഷത. ഇസ്‌ലാമിക വസ്ത്രധാരണാരീതി സ്വീകരിച്ചിരിക്കുന്ന സമൂഹങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തുലോം വിരളമാണെന്ന വസ്തുത ‘അവര്‍ ശല്യപ്പെടാതിരിക്കാന്‍ വേണ്ടി’ (33:59) എന്ന ഖുര്‍ആനിക നിര്‍ദേശത്തിന്റെ സത്യതയും പ്രായോഗികതയും വ്യക്തമാക്കുന്നതാണ്.


ഇസ്‌ലാമിക വസ്ത്രധാരണം സ്ത്രീയെ അടുക്കളയില്‍ തളച്ചിടുന്നതിനുവേണ്ടി സൃഷ്ടിച്ചെടുത്തതാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഈ വസ്ത്രധാരണാരീതി സ്വീകരിച്ചുകൊണ്ടുതന്നെ സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രശോഭിച്ച ഒട്ടനവധി മഹിളാരത്‌നങ്ങളെക്കുറിച്ച് ചരിത്രം നമുക്ക് പറഞ്ഞുതരുന്നുണ്ട്.


പ്രവാചകനില്‍നിന്ന് കാര്യങ്ങള്‍ പഠിക്കുകയും അദ്ദേഹത്തിന്റെ ജീവിതകാലത്തും ശേഷവും പ്രവാചകാനുചരന്മാരെ പഠിപ്പിക്കുകയും ചെയ്യുന്നതിന് പ്രവാചകപത്‌നി ആഇശ(റ)ക്ക് ഇസ്‌ലാമിക വസ്ത്രധാരണം ഒരു തടസ്സമായി നിന്നിട്ടില്ല. ഇങ്ങനെ പ്രവാചകാനുചരന്മാരില്‍തന്നെ എത്രയെത്ര മഹിളാരത്‌നങ്ങള്‍! ഇന്നും ഇസ്‌ലാമിക സമൂഹത്തില്‍ ഇത്തരം സഹോദരിമാരുണ്ട്. ഇസ്‌ലാമിക വസ്ത്രധാരണരീതി സ്വീകരിച്ചുകൊണ്ട് സാമൂഹിക മേഖലകളിലേക്ക് സേവന സന്നദ്ധരായി സധൈര്യം കയറിച്ചെല്ലുന്ന സഹോദരികള്‍.


ഇസ്‌ലാമിക വസ്ത്രധാരണം സ്ത്രീയെ ചങ്ങലകളില്‍ ബന്ധിക്കുന്നുവെന്ന ആരോപണം അര്‍ഥമില്ലാത്തതാണെന്ന വസ്തുത ഇവിടെ അനാവൃതമാകുന്നു. സത്യത്തില്‍, മാന്യമായി വസ്ത്രം ധരിക്കണമെന്ന് നിര്‍ദേശിക്കുക വഴി ഖുര്‍ആന്‍ സ്ത്രീകളുടെ ആത്മാഭിമാനം ഉയര്‍ത്തുകയും അവര്‍ ആക്രമിക്കപ്പെടുന്ന അവസ്ഥ ഇല്ലാതാക്കുവാനുള്ള പ്രായോഗിക പദ്ധതിക്ക് രൂപം നല്‍കുകയുമാണ് ചെയ്യുന്നത്.


⌨⌨⌨⌨⌨⌨⌨⌨

Comments

Popular posts from this blog

വിശുദ്ധ ഖുർആനിലെ ഉറുമ്പുകളുടെ താഴ്വര

മുഹമ്മത് നബി - മാനുഷ്യകത്തിന്റെ മഹാചര്യൻ

പാപങ്ങൾ പെരുകുന്നതിന്റെ മൂലകാരണം ‘ശിർഖ്’! ( ദൈവത്തിന്നു പങ്ക് ചേർക്കൽ)