റമദാന്‍ മഹാ പരിവര്‍ത്തനത്തിലേക്കുള്ള പാത


 മണ്ണും വിണ്ണും പുനഃസമാഗമിക്കുന്ന ദിനരാത്രങ്ങള്‍ വീണ്ടും. ദേഹിയെ വിട്ട് ദേഹം ദുന്‍യാവിന്റെ പിന്നാലെ പായുകയായിരുന്നു. ഐഹികത മനുഷ്യനെ പല നിലക്കും കീഴടക്കിയതിന്റെ അപകടങ്ങള്‍ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ദൃശ്യത കൈവരിക്കുകയും ജീവിതമെന്നാല്‍ ഭൗതികമാത്രമാണെന്ന വിചാരം ലോകത്തെ കീഴടക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇത്തരം ഒരു കാലത്തെ റമദാന്‍ പലതരത്തിലുള്ള വിചാരങ്ങള്‍ക്കും പുനരാലോചനകള്‍ക്കുമുള്ള സന്ദര്‍ഭമാണ്.

വ്യക്തിയെന്ന നിലയിലും സമൂഹമെന്ന നിലയിലും മുസ്‌ലിംകളോട് വിശേഷിച്ചും മുഴുവന്‍ മാനവരാശിയോട് പൊതുവിലും റമദാന് ചിലത് പറയാനുണ്ട്. ഒന്ന്, മനുഷ്യരെല്ലാം അല്ലാഹുവിന്റെ ദാസന്മാരാണ്. രണ്ട്, യജമാനനായ അല്ലാഹുവിന്റെ ആജ്ഞാനുവര്‍ത്തികളായി മനുഷ്യരെല്ലാം ഈ ലോകത്ത് ജീവിക്കണം. ഇതാണ് റമദാന്റെ മൗലികമായ വിളംബരം. ഇസ്‌ലാമിന്റെ മൗലിക സിദ്ധാന്തവും ഇതു തന്നെയാണ്. ഇതംഗീകരിക്കുന്നതിലാണ് സമാധാനം. മനുഷ്യ കുലത്തിന്റെ ആദി പിതാവിനെയും മാതാവിനെയും ലോകത്തേക്ക് അയക്കവെ മുഴുവന്‍ മാനവരാശിയോടുമുള്ള അല്ലാഹുവിന്റെ അരുളപ്പാട് ഇതായിരുന്നല്ലോ: ''........ പിന്നീട് നിങ്ങള്‍ക്ക് എന്നില്‍ നിന്ന് മാര്‍ഗദര്‍ശനം ലഭിക്കുമ്പോള്‍, ആര്‍ ആ മാര്‍ഗദര്‍ശനത്തെ പിന്തുടരുന്നുവോ അവര്‍ ഭയപ്പെടേണ്ടതില്ല, ദുഃഖിക്കേണ്ടതുമില്ല'' (ഖു:2:38).

അതായത് ജീവിതം സങ്കീര്‍ണമായ നിരവധി പ്രശ്നങ്ങളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു. പ്രശ്നരഹിതമായ ജീവിതം ഈ ലോകത്ത് അസാധ്യമാണ്. എന്നാല്‍ പ്രശ്നത്തെ അഭിമുഖീകരിക്കാനും പരിഹരിക്കാനുമുള്ള ഫോര്‍മുല നമുക്ക് പ്രപഞ്ച രക്ഷിതാവ് നല്‍കിയിട്ടുണ്ട്. അതിലേക്ക് നമുക്ക് എത്തിച്ചേരാന്‍ സാധിക്കുന്നുണ്ടോ എന്നതാണ് അടിസ്ഥാനപരമായ ചോദ്യം. അതിനുള്ള വഴികള്‍ മനുഷ്യനു മുന്നില്‍ സരളമാക്കി നല്‍കുന്നു റമദാന്‍.

ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മനുഷ്യരുടെ രണ്ട് തരം ആവശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ളതാണ്. ആത്മാവിന്റെ താല്‍പര്യങ്ങളും ശരീരത്തിന്റെ കാമനകളുമാണ് അവ. ആത്മാവിനെ പാടെ നിരാകരിക്കുന്നവരുണ്ട്. അവരെ സംബന്ധിച്ചേടത്തോളം ജീവിതം ശരീര മാത്രമാണ്. കഴിക്കാന്‍ ഭക്ഷണവും ലൈംഗിക വേഴ്ചക്ക് ഒരിണയും ആയാല്‍ എല്ലാമായി എന്നാണവരുടെ വിചാരം. ഇത് രണ്ടും നേടാനായി അവര്‍ ഏതു വഴികളിലൂടെയും സഞ്ചരിക്കും. എന്തും ചെയ്യും. നിയന്ത്രണങ്ങള്‍, അതിരുകള്‍, പരിധികള്‍ ഒന്നും ജീവിതത്തിലുണ്ടാകാന്‍ പാടില്ല എന്നതാണവരുടെ ജീവിത വീക്ഷണം തന്നെ.

ആധുനിക ഭൗതിക നാഗരികതയുടെ നെടുംതൂണാണീ ചിന്ത. മനോഹരവും വശ്യവുമായ പേരുകള്‍ക്കൊണ്ടാണ് അത് ലോകത്തിനു മുന്നില്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും ഈ ചിന്താവലയില്‍ കുടുങ്ങിയ മനുഷ്യര്‍ക്കും അവരുടെ ലോകത്തിനും അത്ര സൗന്ദര്യമോ വശ്യതയോ ഇല്ല എന്നതാണ് വസ്തുത. സങ്കീര്‍ണവും സംഘര്‍ഷഭരിതവും, ഭയാനകവുമായ മനസ്സുകളുടെ കൂട്ടമായി അത് മനുഷ്യരെയാകെ മാറ്റിയെടുത്തു. അപരനെ ആക്രമിച്ച് കീഴടക്കുവാനും അവന്റേതു മുഴുവന്‍ തന്റേതാക്കാനുമുള്ള ഒരു തരം ഭ്രാന്തമായ കിടമത്സരമായി ജീവിതം പരിണമിച്ചു എന്ന് പറയാം.

''നന്നായി അറിഞ്ഞുകൊള്ളുക: ഈ ഐഹിക ജീവിതം കേവലം കളിയും തമാശയും പുറംപകിട്ടും, നിങ്ങള്‍ തമ്മിലുള്ള പൊങ്ങച്ചംപറച്ചിലും, സമ്പത്തിലും സന്തതികളിലും പരസ്പരം മികച്ചുനില്‍ക്കാനുള്ള മല്‍സരവുമല്ലാതെ മറ്റൊന്നുമല്ല. അതിന്റെ ഉദാഹരണം ഇപ്രകാരമാകുന്നു: ഒരു മഴപെയ്തു. അതിനാലുണ്ടായ സസ്യലതാദികള്‍ കണ്ട് കര്‍ഷകര്‍ സന്തുഷ്ടരായി. പിന്നെ ആ വിള ഉണങ്ങിപ്പോകുന്നു. അപ്പോള്‍ അത് മഞ്ഞളിക്കുന്നതായി നിനക്കു കാണാം. പിന്നീടത് വയ്ക്കോലായിത്തീരുന്നു. മറിച്ച് പരലോകത്താകട്ടെ, കഠിന ശിക്ഷയുണ്ട്, അല്ലാഹുവിങ്കല്‍നിന്നുള്ള പാപമുക്തിയുണ്ട്, അവന്റെ സംപ്രീതിയുമുണ്ട്. ഐഹികജീവിതമോ, ഒരു ചതിക്കുണ്ടല്ലാതെ മറ്റൊന്നുമല്ല'' (ഖുര്‍ആന്‍: 57:20).  

ജീവിതം ശരീര മാത്രമാണെന്ന വീക്ഷണത്തിന്റെ അപകടങ്ങള്‍ എന്താണെന്ന് ഇതില്‍പരം വിശദമായി എങ്ങനെ പറയാന്‍!  ഈ വീക്ഷണത്തിന്റെ പിന്നാലെ പോയി ജീവിതം നശിപ്പിച്ചവരെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത് കാണുക: ''ജനം ഭൗതികജീവിതത്തിന്റെ ബാഹ്യമുഖം മാത്രമാണറിയുന്നത്. അവര്‍ പരലോകത്തെ സംബന്ധിച്ച് ബോധമില്ലാത്തവരാകുന്നു'' (30:7).

അതിനാല്‍ മനുഷ്യനെ കുറിച്ച മൗലിക വിചാരങ്ങളുടെ വീണ്ടെടുപ്പാണ് റമദാന്‍. ഭൂമിയിലെ തന്റെ നിയോഗത്തിന്റെ പൂര്‍ണതയിലേക്ക് അത് മനുഷ്യനെ കൈപിടിച്ചുയര്‍ത്തുന്നു. ശരീരമാത്രമല്ല മനുഷ്യനും ജീവിതവും എന്ന് പറഞ്ഞല്ലോ. ഭൂമിയുടെ സത്തായ മണ്ണും വിണ്ണിന്റെ ഭാവമായ ആത്മാവും ചേര്‍ന്നതാണ് മനുഷ്യന്‍. കേവല ജീവനുള്ള ജന്തുവില്‍ നിന്നും മനുഷ്യന്‍ പലതുകൊണ്ടും വ്യത്യസ്തനാണ്.  ശരീരം, ബലം, മനസ്സ്, ജീവന്‍, ആത്മാവ്, ബുദ്ധി, വിചാരം, വികാരം തുടങ്ങിയ നിരവധി ഘടകങ്ങള്‍ മനുഷ്യനില്‍ ഉള്‍ചേര്‍ന്നിരിക്കുന്നു. ഇവ പരസ്പരം വിഘടിക്കാന്‍ പാടില്ലെന്നും ഓരോന്നിനും സൃഷ്ടിപരമായ കടമകളുണ്ടെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു.

ജൈവികം, ബുദ്ധിപരം, ആത്മീയം, വികാരപരം തുടങ്ങിയ നിരവധി സാധ്യതകളുടെ ചട്ടക്കൂടും ഉള്ളടക്കവും ഉള്ള അത്ഭുത പ്രതിഭാസമാണ് മനുഷ്യന്‍. മറ്റു ജന്തുജാലങ്ങളില്‍ ഇത് ദൃശ്യമല്ല. ശരീരവും ജീവനും മാത്രമേ അവക്കുള്ളൂ; വിശപ്പും കാമവും എന്ന രണ്ട് വികാരങ്ങളും. നിയതമായ ഒരു നിയമമോ വ്യവസ്ഥയോ അവക്കില്ല. സ്ഥായിയായ വിചാരമോ വികാരങ്ങളോ ജന്തുലോകത്തില്ല. ശരി, തെറ്റ് വകതിരിവുകളൊന്നും അവിടെ ആവശ്യമില്ല. കാരണം അവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനന്തമായ പ്രത്യാഘാതങ്ങളില്ല.

എന്നാല്‍ മനുഷ്യന്റെ വിചാരങ്ങള്‍ക്കു പോലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ട്. കാരണം വിചാരങ്ങളാണ് പിന്നീട് പ്രവൃത്തികളാകുന്നത്. അതിനാല്‍ മനുഷ്യന്റെ പരിവര്‍ത്തനമെന്നത്, ഭൗതികമായ മാറ്റമല്ല. ഭൗതികമായ മാറ്റമേ മനുഷ്യന് വേണ്ടതുള്ളൂ എന്നും, ഭൗതികമായ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് വേണ്ട സൗകര്യങ്ങള്‍ എല്ലാവര്‍ക്കും സാധ്യമാക്കലാണ് മാറ്റം എന്നും വാദിക്കുന്നവരുണ്ട്. ഇസ്‌ലാം ഇത് അംഗീകരിക്കുന്നില്ല. മേല്‍ സൂചിപ്പിച്ച, മനുഷ്യന്റെ മുഴുവന്‍ ഘടകങ്ങളിലും സംഭവിക്കേണ്ട മാറ്റമാണ് ഇസ്‌ലാം ലക്ഷ്യം വെക്കുന്നത്. ആ മാറ്റമാകട്ടെ മനുഷ്യന്റെ ജൈവ പ്രകൃതത്തിനനുസൃതമായ മാറ്റവുമാകണം എന്നു ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. ചിന്താപരവും വൈകാരികവും മാനസികവും കര്‍മപരവുമായ മുഴുവന്‍ രംഗങ്ങളെയും സ്പര്‍ശിക്കുന്ന പരിവര്‍ത്തനമാണ് മനുഷ്യനില്‍ സംഭവിക്കേണ്ടത്.

Comments

Popular posts from this blog

വിശുദ്ധ ഖുർആനിലെ ഉറുമ്പുകളുടെ താഴ്വര

മുഹമ്മത് നബി - മാനുഷ്യകത്തിന്റെ മഹാചര്യൻ

പാപങ്ങൾ പെരുകുന്നതിന്റെ മൂലകാരണം ‘ശിർഖ്’! ( ദൈവത്തിന്നു പങ്ക് ചേർക്കൽ)